മാപ്പിളപ്പാട്ടിന്റെ
ഇമ്പമാര്‍ന്ന ഇശലുകളും കാല്‍പ്പന്തുകളിയുടെ ആവേശാരവങ്ങളും അലകള്‍ തീര്‍ക്കുന്ന പ്രദേശമാണ്
മൊഗ്രാല്‍. സാംസ്ക്കാരികമായും സാമൂഹികമായും സമ്പന്നമായ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന
മൊഗ്രാലിന്റെ ഹൃദയത്തില്‍ നാടിനെയൊന്നാകെ വിദ്യയൂട്ടുന്ന മഹിതമായ ദൗത്യവുമായി തലയുയര്‍ത്തി
നില്‍ക്കുന്നു മൊഗ്രാല്‍ സ്ക്കൂള്‍.
1914 ല്‍ പരേതനായ എം.സി. മമ്മിസാഹിബിന്റെ പരിശ്രമഫലമായി താലൂക്ക് ബോര്‍ഡിന്റെ
കീഴില്‍ മൊഗ്രാല്‍ സ്ക്കൂള്‍ ആരംഭിച്ചു. 1919 ല്‍ ഇത് ഒരു എയ്‌ഡഡ് സ്ക്കൂള്‍ ആയി മാറി. 1929 ല്‍ താലൂക്ക് ബോര്‍ഡിന്റെ
കീഴില്‍ ഒരു ഗേള്‍സ് സ്ക്കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. 1934 ല്‍ ഇത് മാപ്പിള മിക്സഡ് സ്ക്കൂള്‍ ആയി മാറി. 1957 ല്‍ യു.പി. സ്ക്കൂളായി
ഉയര്‍ത്തി. 1980 ല്‍ ഹൈസ്ക്കൂളായി. നാട്ടുകാര്‍ കെട്ടിടം നിര്‍മ്മിച്ചു നല്‍കി. 1980 ജൂണ്‍ 14 ന് അന്നത്തെ പി.ടി.എ. പ്രസിഡന്റ്. എം.സ്. മൊഗ്രാലിന്റെ (മുന്‍ എം.എല്‍.എ.
മദ്രാസ് അസംബ്ലി) അദ്ധ്യക്ഷതയില്‍ യോഗം ചേരുകയും ഹൈസ്ക്കൂള്‍ കെട്ടിടത്തിനു വേണ്ടി
ഒരു കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. വെറും 59 ദിവസത്തെ
കഠിനപ്രയത്നത്തിന്റെ ഫലമായി പരേതനായ എം.സി. അബ്ദുല്‍ ഖാദര്‍ ഹാജി പ്രസിഡന്റും
പി.സി. കുഞ്ഞിപ്പക്കി ജനറല്‍ സെക്രട്ടറിയുമായി പതിനൊന്നംഗ കമ്മിറ്റിയുടെ
നേതൃത്വത്തില്‍ പുതിയ കെട്ടിടം നിര്‍മ്മിച്ചു. അന്നത്തെ കാസറഗോഡ് ഡി.ഇ.ഒ ശ്രീമതി
സുകുമാരിയമ്മ കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തി.
വളരെ
ചെറിയ ചുറ്റുപാടിലും പരിമിതമായ സൗകര്യത്തോടെയും ആരംഭിച്ച ഈ വിദ്യാലയം ഇന്ന് എല്ലാ
ആധുനികസൗകര്യങ്ങളും നേടിയെടുത്തുകൊണ്ട് പടര്‍ന്ന് പന്തലിച്ചു നില്‍ക്കുകയാണ്. 1991 ല്‍ നമുക്ക് വി.എച്ച്.എസ്.ഇ അനുവദിച്ചു കിട്ടി. നാട്ടുകാരുടെ നേതൃത്വത്തില്‍
ഇതിനായി മൂന്ന് ക്ലാസ് റൂമുകള്‍ ഉണ്ടാക്കി. 1995 ല്‍ വി.എച്ച്.എസ്.ഇ ക്കു വേണ്ടി സര്‍ക്കാര്‍ ഒരു വര്‍ക്ക്ഷെഡ് നിര്‍മ്മിച്ചു.
അന്നത്തെ മഞ്ചേശ്വരം എം.എല്‍.എ ശ്രീ. ചെര്‍ക്കളം അബ്ദുല്ല ഇതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
പിന്നീട് ജില്ലാപഞ്ചായത്ത് നാല് ക്ലാസ്‌റൂമുകളുള്ള കെട്ടിടം നിര്‍മ്മിച്ചു നല്‍കി.
മികച്ച
വിദ്യാഭ്യാസം നല്‍കാന്‍ നമുക്ക് കഴിഞ്ഞതോടെ കുട്ടികള്‍ കൂടുതലായി ഇങ്ങോട്ട് ആകര്‍ഷിക്കപ്പെട്ടു.
തുടര്‍ന്ന് കെട്ടിടസൗകര്യം കുറഞ്ഞതിനാല്‍ ഷിഫ്‌റ്റ് സമ്പ്രദായം തുടങ്ങേണ്ടി വന്നു.
സ്ക്കൂളിനടുത്ത യൂനാനി ആശുപത്രി കെട്ടിടത്തിലും മുഹ്‌യിദ്ധീന്‍ പള്ളിയോട് ചേര്‍ന്ന
മദ്രസാകെട്ടിടത്തിലും ക്ലാസുകള്‍ തുടങ്ങി. 1999,
2000, 2001 വര്‍ഷങ്ങളില്‍ ജില്ലാപഞ്ചായത്ത് മൂന്ന് കെട്ടിടങ്ങള്‍ കൂടി
അനുവദിച്ചതോടെ പന്ത്രണ്ടുവര്‍ഷം നിലനിന്നിരുന്ന ഷിഫ്റ്റ് സമ്പ്രദായം മാറി.
മഞ്ചേശ്വരം എം.എല്‍.എ. ശ്രീ. ചെര്‍ക്കളം അബ്ദുള്ളയുടെ ശ്രമഫലമായി 2004-05 വര്‍ഷത്തില്‍ ഹയര്‍ സെക്കന്ററി അനുവദിച്ചു. മൂന്നു ക്ലാസ് റൂമുകളും
അനുവദിച്ചുകിട്ടി. 14/08/2009 ന് നാല് ക്ലാസ്റൂമുകളുള്ള ഒരു കെട്ടിടത്തെ അന്നത്തെ മഞ്ചേശ്വരം എം.എല്‍.എ.
സി.എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. 2014 ല്‍ മൂന്ന് ക്ലാസ്റൂമുകളുള്ള കെട്ടിടം അന്നത്തെ വിദ്യാഭ്യാസമന്ത്രി. പി.കെ.
അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു.
2017 ല്‍ സര്‍ക്കാറിന്റെ സ്വപ്നപദ്ധതികളിലൊന്നായ ഹൈട്ടെക് ക്ലാസ്റൂമുകള്‍ക്കു വേണ്ടി
നാട്ടുകാരുടെ സഹകരണത്തോടെ ഹൈസ്ക്കൂള്‍ വിഭാഗത്തിലെ 13 ക്ലാസ്മുറികള്‍
സജ്ജീകരിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്ന
സ്ക്കൂളുകളുടെ കൂട്ടത്തില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നും മൊഗ്രാല്‍
സ്ക്കൂളിനെയാണ് എം.എല്‍.എ. പി.ബി. അബ്ദുല്‍റസാഖ് നിര്‍ദ്ദേശിച്ചത്. നിര്‍ദ്ദേശം
മുന്നോട്ടുവെച്ച എം.എല്‍.എ യെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഗവണ്മെന്റിനെയും
ഞങ്ങള്‍ നന്ദിപൂര്‍വ്വം സ്മരിക്കുന്നു.
No comments:
New comments are not allowed.